തെണ്ടിയും... പട്ടിയും... പിന്നെ പള്ളിയും......
ഒരു ദിവസം വീട്ടിൽ നിന്ന് അതി രാവിലെ എഴുന്നേറ്റു തെണ്ടാനിറങ്ങിയപ്പോൾ.. കൺ മുന്നിൽ ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ധനുഷ്‌കോടി പോയന്റും കടലിന്റെ ആമാശയത്തിലേക്കിറക്കി കടൽ കക്കി വെച്ച കുറച്ചു മനുഷ്യ നിർമ്മിതികളും ഒന്ന് കാണണം... കഴിയുമെങ്കിൽ അവയുടെ കുറച്ചു ചിത്രങ്ങൾ എടുക്കണം.... പൊള്ളാച്ചിയിലെ ചൂട് ദോശയും തലപ്പക്കട്ടിയിലെ ബിരിയാണിയും ലെവൽ ക്രോസ്സിലെ അണ്ണി മാരുടെ ഉപ്പും മുളകും തേച്ച ഞാവൽപ്പഴവും പൈനാപ്പിളുകളും, വെള്ളരിയുമെല്ലാം യാത്രയിലെ അലോരസങ്ങളിൽ നിന്നും ഇടയ്ക്കിടെ മോചനം തന്നുകൊണ്ടിരുന്നു..ഒപ്പം വഴിയോരങ്ങളിൽ ഗ്രാമീണർ ഒരുക്കിയ ചെറു കട്ടിപ്പുള്ള വെള്ളവും കൂടിയായപ്പോൾ പ്രകൃതി വിളി വയറിൽ സംഹാര താണ്ഡവമാടി.... അവസാനം വെള്ളമില്ലാത്ത വറ്റി വരണ്ട ഒരു പുഴയുടെ മാറിൽ കയ്യിലുള്ള ജാക്കി ലിവര് കൊണ്ട് വയർ കാലിയാക്കാൻ ഒരു കുഴിയെടുക്കുമ്പോൾ മുൻപൊരിക്കൽ നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന ആ നദി തടത്തിൽ ചുറ്റും ഗോക്കൾ മറയൊരുക്കി ....
ലക്‌ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നാണല്ലോ... മറിച്ചും പറയാറുണ്ട്.. ആഹ് എന്തെങ്കിലും ആകട്ടെ... അവസാനം കറങ്ങിത്തിരിഞ്ഞ് പാമ്പൻ പാലവും കടന്നു കടലിനാൽ ചുറ്റപ്പെട്ട രാമേശ്വരത്തു ഈ തെണ്ടിയുടെ കാലുകൾ ആദ്യമായി തൊട്ടു .. തിരിഞ്ഞു നോക്കിയപ്പോൾ പാമ്പൻ പാലം നിറയെ തെണ്ടിത്തിരിഞ്ഞു വന്നവർ... നിയമ ലംഘകർ ....അതെ ആ പാലത്തിൽ വാഹനം നിർത്താൻ പാടില്ല... എങ്കിലും നിയമമൊക്കെ ആര് കേൾക്കുന്നു... ഞാൻ അവിടന്നും മുന്നോട്ട് ... ലക്ഷ്യത്തിലേക്ക് ഏതാനും നിമിഷങ്ങൾ മാത്രം... വൈകിയാൽ അവിടെ പ്രവേശനം നിഷിദ്ധം.... വാഹനം കടലിനെ കീറി മുറിച്ചു പെരുമ്പാമ്പുപോലെ നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ ധനുഷ്‌കോടി ബീച്ച് പോയന്റിലേക്ക്.... പാർക്കിങ്ങിൽ വാഹനം നിർത്തി , ബംഗാൾ ഉൾക്കടൽ തീരത്തു കാലൊന്നു തൊട്ടു... അന്ന് വരെ അറബിക്ക ടലിൽ അസ്തമയം കണ്ടിരുന്ന ഈ കേരളീയൻ .. അന്ന് കരയിൽ അസ്തമയം കണ്ടു.. അതും ബംഗാൾ ഉൾക്കടലിൽ നിന്ന് കൊണ്ട്... സാക്ഷിയായി കുറച്ചു പിറകിൽ ശ്രീലങ്കൻ ദ്വീപ്...
കുറച്ചു ചിത്രങ്ങൾ ഓർമ്മക്കായി കാമറക്കുള്ളിലാക്കി.. ശേഷം കടൽ ചരിത്രം സൃഷ്‌ടിച്ച ശേഷിപ്പുകളിലേക്കു.... പ്രതീക്ഷകൾ മുഴുവൻ ആ സൂര്യാസ്തമയത്തോടെ അസ്തമിച്ച കാഴ്ച.... നല്ലൊരു ചിത്രം സൃഷ്ഠിക്കാൻ പ്രാപ്തമല്ലാത്ത വിധം കച്ചവട ഷെഡുകൾ പൊതിഞ്ഞു നിൽക്കുന്ന ശേഷിപ്പുകൾ ... എങ്ങിനെ ചിത്രമെടുത്താലും അവയിലെല്ലാം കച്ചവടക്കാരും അവരുടെ വസ്തുക്കളും....ഒരു പത്തു മീറ്റർ എങ്കിലും അകലത്തിൽ ആകാമായിരുന്നു അതെല്ലാം...മാത്രമല്ല അവിടെ വളരെ ചെറിയൊരു ബോർഡും വെച്ചിട്ടുണ്ട് ... കല്ലൊന്നും ആരും വീട്ടിൽ കൊണ്ട് പോകരുതെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്... പള്ളി മൊത്തം കവർ ചെയ്യുന്ന ബോർഡ് ആയിരുന്നു കുറച്ചു കൂടി ഭംഗി....ഈ തിരക്കെല്ലാം എന്നെ ബാധിക്കില്ല എന്ന മട്ടിൽ ഒരു പട്ടി....എല്ലാവരെയും വകഞ്ഞു മാറ്റി ഞാനെന്ന തെണ്ടി അവിടെ കിടന്നിരുന്ന പട്ടിയെ മുന്നിൽ കിടത്തി ആ പള്ളിയുടെ ഒരു ചിത്രം കാമറക്കുള്ളിലാക്കി. ഇരുട്ട് പരന്നതോടെ തിരികെ ഉപ്പു പാടങ്ങൾക്കിടയിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു....
No comments:
Post a Comment